പറ്റിച്ചും ചതിച്ചും നമുക്കൊന്നും വേണ്ട..


    
   ഇമാം അബ്ദുല്ലാ ഖയ്യാതിന്‌ അഗ്‌നിയാരാധകനായ ഒരു പറ്റുകാരനുണ്ടായിരുന്നു. അയാള്‍ പതിവായി ഖയ്യാതിന്റെ കടയില്‍നിന്ന്‌ തുണിത്തരങ്ങള്‍ വാങ്ങി, കള്ളനാണയങ്ങളാണ്‌ വിലയായി കൊടുക്കുക. ഖയ്യാത്‌ അത്‌ വാങ്ങിവെക്കുകയും ചെയ്യും.

                ഒരു ദിവസം ആ മജൂസി വന്നപ്പോള്‍ ഖയ്യാത്‌ കടയിലുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ ഒരു ശിഷ്യനാണ്‌ അവിടെയുണ്ടായിരുന്നത്‌. പതിവുപോലെ ആ മജൂസി വസ്‌ത്രം വാങ്ങി കള്ളനാണയം കൊടുത്തു. എന്നാല്‍ വഞ്ചന തിരിച്ചറിഞ്ഞ ശിഷ്യന്‍ ആ നാണയങ്ങള്‍ അയാള്‍ക്ക്‌ തിരിച്ചുകൊടുത്തു. അറിയാതെ പറ്റിപ്പോയതാണെന്ന മട്ടില്‍ മജൂസി ഖേദം പ്രകടിപ്പിക്കുകയും നല്ല നാണയം എടുത്തുകൊടുത്ത്‌ വേഗം സ്ഥലം വിടുകയും ചെയ്‌തു.

        അബ്ദുല്ലാ ഖയ്യാത്‌ മടങ്ങിയെത്തിയപ്പോള്‍ ശിഷ്യന്‍ സംഭവം വിശദീകരിച്ചു. `നീ അങ്ങനെ ചെയ്‌തത്‌ തെറ്റായിപ്പോയ' എന്നായിരുന്നു ഖയ്യാതിന്റെ മറുപടി. ഇതുകേട്ട ശിഷ്യന്‍ അന്താളിച്ചു നിന്നു. ഖയ്യാത്‌ ഇത്രകൂടി പറഞ്ഞുകൊടുത്തു: `കുറേ കാലമായുള്ള അയാളുടെ പതിവാണിത്‌. അത്‌ മനസ്സിലാക്കികൊണ്ട്‌ തന്നെ അയാള്‍ തരുന്ന നാണയങ്ങള്‍ ഞാന്‍ വാങ്ങിവെക്കും. എന്നിട്ട്‌ അവയെല്ലാം ഒരു പൊട്ടക്കിണറ്റിലേക്ക്‌ എറിയും. ആ നാണയം അയാള്‍ക്ക്‌ തിരിച്ചുകൊടുത്താല്‍ അയാള്‍ വേറെ ആളുകളെ വഞ്ചിക്കുകയില്ലേ?'

      എത്ര പറ്റിക്കപ്പെട്ടാലും ഒരാളെയും പറ്റിക്കാതെ ജീവിക്കുന്ന സത്യവിശുദ്ധിയാണിത്‌. സ്വയം നഷ്‌ടങ്ങള്‍ സഹിച്ചും അന്യരെ വഞ്ചിതരാക്കാതിരിക്കുന്ന ഈ മഹാമനസ്സ്‌ സത്യവിശ്വാസത്തിന്റെ മാത്രം ഫലമാണ്‌. മോഹങ്ങളില്‍നിന്ന്‌ മനസ്സിനെ വിമലീകരിക്കുമ്പോള്‍ നഷ്‌ടങ്ങളൊന്നും നഷ്‌ടങ്ങളായി തോന്നുകയില്ല. ആര്‍ത്തിക്കായി വെമ്പുന്ന മനസ്സുകള്‍ മറ്റുള്ളവരെക്കുറിച്ച്‌ ആലോചിക്കുകയേയില്ല. ഒരാളെയും ചതിക്കാതെയും തകര്‍ക്കാതെയും താഴ്‌ത്തിക്കെട്ടാതെയും ജീവിക്കാന്‍ കഴിയുന്നത്‌ ആര്‍ത്തിയില്‍നിന്നും കൊതിയില്‍നിന്നും മതിവരാത്ത മോഹങ്ങളില്‍നിന്നും ഹൃദയത്തെ ശുദ്ധീകരിച്ചവര്‍ക്ക്‌ മാത്രമായിരിക്കും.

               അധികാരം,സ്ഥാനമാനങ്ങള്‍,പ്രശസ്‌തി,ആദരവ്‌ ഇതൊക്കെ മനസ്സിനെ കേടുവരുത്താന്‍ വേഗമുണ്ട്‌. അത്‌ തിരിച്ചറിയുന്നവര്‍ അവയില്‍ നിന്നെല്ലാം അകന്നൊളിക്കും. തിരിച്ചറിവുകിട്ടാത്തവര്‍ കൊച്ചുകൊച്ചു സ്ഥാനമാനങ്ങള്‍ക്കു വേണ്ടി പോലും ഉറക്കമിളയ്‌ക്കുകയും ചെയ്യും. നേട്ടങ്ങള്‍ക്ക്‌ വേണ്ടി ഉറക്കമൊഴിക്കുന്ന നമ്മളെ അലോസരപ്പെടുത്തുന്ന സംഭവങ്ങളാണ്‌ മുന്‍ഗാമികളില്‍നിന്ന്‌ കേള്‍ക്കുന്നത്‌. അവരുടെ മനസ്സില്‍ ഭൗതികമായ ഒരു കൗതുകവും കൂടുകെട്ടിയിരുന്നില്ല. ഹൃദയത്തില്‍ ഈമാനിന്റെ ഉള്‍വെളിച്ചം പ്രവേശിച്ചവരാണ്‌ അവരൊക്കെ. ദുനിയാവിന്റെ അലങ്കാരവും അധികാരവും സ്ഥാന ലബ്‌ധിയും അവര്‍ ഇഷ്‌ടപ്പെട്ടില്ല. ഇവിടെ ഒരാളെ പരാജയപ്പെടുത്തണമെന്ന്‌ മോഹിച്ചില്ല. ചതിക്കപ്പെട്ടപ്പോഴും ഒരാളെയും ചതിക്കാതിരിക്കാന്‍ ശ്രദ്ധിച്ചു.

      അസത്യമാര്‍ഗത്തിലൂടെ പുരോഗതിപ്പെടാനാവില്ല. നേട്ടങ്ങള്‍ക്കും ലാഭങ്ങള്‍ക്കും പദവികള്‍ക്കും വേണ്ടി സത്യവിരുദ്ധമായി പ്രവര്‍ത്തിക്കുകയോ ആരെയെങ്കിലും ദ്രോഹിക്കുകയോ ചെയ്‌താല്‍, താല്‍ക്കാലിക വിജയം ലഭിച്ചേക്കാമെങ്കിലും, നേട്ടങ്ങള്‍ക്കു പിറകെ അതിലേറെ വലിയ നഷ്‌ടങ്ങള്‍ സംഭവിക്കുകതന്നെ ചെയ്യും. കള്ളസത്യത്തിലൂടെ വസ്‌തുക്കള്‍ വിറ്റഴിച്ചവരെ പരലോകത്ത്‌ അല്ലാഹു സംരക്ഷിക്കില്ലെന്നും ഏറ്റവും വലിയ നഷ്‌ടക്കാരായിരിക്കും അവരെന്നും തിരുനബി മുന്നറിയിപ്പ്‌ നല്‌കി. അസത്യമാര്‍ഗത്തിലുള്ള ഏതുകാര്യത്തിന്റെയും അവസാനഫലം ഇങ്ങനെ തന്നെയായിരിക്കും

               ഒരു പണ്ഡിതന്‌ കച്ചവടക്കാരനായ ഒരു ശിഷ്യനുണ്ടായിരുന്നു. അയാള്‍ രോഗിയായപ്പോള്‍ ഗുരുനാഥന്‍ ശിഷ്യനെത്തേടിയെത്തി. മരണാസന്നനായപ്പോള്‍ ഗുരു അയാള്‍ക്ക്‌ കലിമ ചൊല്ലിക്കൊടുത്തെങ്കിലും ഏറ്റുചൊല്ലാന്‍ അയാള്‍ പ്രയാസമനുഭവിച്ചു.

`ഇദ്ദേഹം അളവിലും തൂക്കത്തിലും കൃത്രിമം കാണിക്കാറുണ്ടോ?`ഗുരു ചോദിച്ചു.

`ഇല്ല. ശരിയായ വിധത്തില്‍ മാത്രമേ അളക്കുകയും തൂക്കുകയും ചെയ്‌തിരുന്നുള്ളൂ. എന്നാല്‍ തൂക്കുന്ന സമയത്ത്‌ തുലാസില്‍ വീണുകിടകുന്ന പൊടികള്‍ തട്ടിക്കളയാറുണ്ടായിരുന്നില്ല' മക്കള്‍ പറഞ്ഞു.

ആ ശിഷ്യന്‍ മരണപ്പെട്ടപ്പോള്‍ അവിടെയുള്ളവരോട്‌ ഗുരുനാഥന്‍ പറഞ്ഞതിങ്ങനെ; `മനപ്പൂര്‍വം യാതൊരു വഞ്ചനയും ചെയ്‌തിട്ടില്ലാത്ത മനുഷ്യനാണീ മരിച്ചത്‌. ആ ജീവിതത്തില്‍ നമുക്കെല്ലാം വലിയ പാഠങ്ങളുണ്ട്‌.`

              ഇമാം അബൂഹനീഫയുടെ ഒരു സംഭവമുണ്ട്‌: ബസ്വ്‌റയില്‍ കച്ചവടം നടത്തിയ കാലത്ത്‌, ഇമാം പുറത്തുപോയ സമയം. അന്യനാട്ടുകാരനായ ഒരാള്‍ തുണി വാങ്ങാനെത്തി. കടയിലെ വേലക്കാരന്‍ അയാളില്‍ നിന്ന്‌ അധികം വില വാങ്ങി. യജമാനനെ സന്തോഷിപ്പിക്കാനാണ്‌ ചെയ്‌തത്‌. പക്ഷേ, ഇതറിഞ്ഞപ്പോള്‍ വേലക്കാരനെ ഇമാം ജോലിയില്‍ നിന്ന്‌ പിരിച്ചുവിട്ടു. തുണി വാങ്ങിയ ആളെ കണ്ടെത്തി, അധികം വാങ്ങിയ വില തിരിച്ചുകൊടുത്താല്‍ ജോലിയില്‍ പ്രവേശിപ്പിക്കാം എന്നു പറഞ്ഞു. അവന്‍ നീണ്ട യാത്രക്കൊടുവില്‍ അയാളെ കണ്ടെത്തി. വീണ്ടും അവന്‍ ഇമാമിന്റെ ജോലിക്കാരനായി! (ചാര്‍ ഇമാം, വജീഹുല്ല ഖാന്‍, പേ. 413